Wednesday, March 23, 2011

അടുത്ത ബെല്ലോടു കൂടി...

രു റൊമാന്റിക്ക് സ്റ്റോറി ആയിരുന്നു മനസ്സിൽ..പിന്നെ അതു വേണ്ടാന്നു വെച്ചു... അല്പം തത്വചിന്ത ആവാന്നു കരുതി..അല്ല പിന്നെ..

നമ്മളിൽ ഭൂരിഭാഗം പേരും നാടകവും സിനിമയും ഒക്കെ കാണുന്നവരല്ലെ.. എപ്പോഴെങ്കിലും നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തെ പറ്റി ഓർമ്മിചിട്ടുണ്ടോ,ചിന്തിച്ചിട്ടുണ്ടോ? അതെ ജീവിതമാകുന്ന നാടകത്തെപ്പറ്റി ആണു പറഞ്ഞു വരുന്നത്. ദൈവം എന്ന സൂപ്പെർ സംവിധായകൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിലെ വിവിധ അഭിനേതാക്കൾ ആണു നാം..ഓരോ മനുഷ്യജീവിക്കും വ്യക്തമായ ഒരു റോൾ ഉണ്ടാകും ഈ നാടകത്തിൽ.. ദൈവം രചിച്ച ഈ നാടകം തുടങ്ങിയത് എന്നെന്നോ അവസാനം എന്നെന്നോ നമുക്കാർക്കും അറിയില്ല.. വലിയ കഥക്കുള്ളിലെ ഉപകഥകളിലെ കഥാപാത്രങ്ങളാണു നാം.. ചില കഥകളിൽ നാം ആയിരിക്കാം സെന്റർ ക്യാരക്ടർ,എപ്പോഴും അങ്ങിനെ ആവണമെന്നില്ല.. ചിലപ്പൊൾ സപ്പൊർട്ടിങ്ങ് കഥാപാത്രം ആയിരിക്കാം, ജൂനിയർ ആർടിസ്റ്റ് ആയിരിക്കാം.. മറ്റ് ചിലപ്പോൾ ആകാൻ ഇഷ്ടപ്പെടാത്ത വില്ലൻ റോളും ആവാം, ചില സമയങ്ങളിൽ നല്ല ഒഴുക്കോടെ നീങ്ങുന്ന കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസും ആകാം.


നാടകത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഒരിടത്തു പോലും കഥാപാത്രങ്ങൾ ആയി ആരൊക്കെ വരും എന്നു ഈ സംവിധായകൻ പറയാറില്ല.. നായകൻ ആരെന്നോ, നായിക ആരെന്നോ, വില്ലൻ ആരെന്നൊ.. ഒന്നും ഒന്നും നമ്മുടെ സംവിധായകൻ സൂചിപ്പിക്കാറില്ല.. ചിലപ്പോൾ നമ്മുടെ റോൾ എന്തായിരുന്നു എന്ന് ആ ഉപകഥ തീർന്നു കഴിഞ്ഞാലേ പിടികിട്ടൂ..ചിലപ്പോൾ തീർന്നു കഴിഞ്ഞാലും കഥയുടെ പൊരുൾ കിട്ടാതെ വരാം...കഥാപാത്രങ്ങൾ എത്ര സമയം രംഗത്ത് ഉണ്ടാകമെന്നു പോലും അറീയാത്ത, അറിയിക്കാത്ത ഒരു വിചിത്ര കലാരൂപമാണു ഇത്...

ഈ സംവിധായകന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും സുരക്ഷിതരാണു.. ഒരോ കഥയും എഴുതുന്നതിലും രംഗത്ത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം അപാരമാണു. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്. നമ്മളുടേതായ ഒരു കഥ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് തീർച്ച.. പക്ഷേ ചിലപ്പോൾ ആ കഥ നാടകമായി രംഗത്ത് വരാൻ അല്പം കാലതാമസം എടുത്തേക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ സ്വന്തം കഥ അരങ്ങിലെത്താൻ കാത്തിരിക്കുക തന്നെ! ചുട്ടി കുത്തി വസ്ത്രം അണിഞ്ഞ് അരങ്ങിൽ കയറാൻ തയ്യാറായി കാത്തുനിന്നുകൊള്ളുക.


[NB:അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു, കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഒടേതമ്പുരാൻ ഏലിയാസ് ദൈവം]


Sunday, March 06, 2011

ഉപ്പേരി പുരാണം (ഗോസ്സിപ്പ്)

വീട്ടിലേക്കുള്ള ഇന്റര്‍നെറ്റ്‌ കേബിള്‍ ലൈനിലൂടെ ഉറുമ്പുകള്‍ നിര നിരയായി മുറിക്കകത്തെക്ക് കടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി.. ഇന്ന് ഞായര്‍ ആയത് കൊണ്ടും മറ്റു പണിയൊന്നും ഇല്ലാത്തതിനാലും അവയെ നിര്‍മാര്‍ജനം ചെയ്യാം എന്ന് കരുതി.. ഒറ്റയ്ക്ക് ചെയ്യാന്‍ ഒരു മടി അതിനാല്‍ അനിയനെ കൂട്ട് വിളിച്ചു.. ആദ്യമൊന്നും അവന്‍ മൈന്‍ഡ് ചെയ്തില്ല..പിന്നെ ഒന്ന് കാല് പിടി..ഛെ ഭീഷണിപ്പെടുത്ത്തിയപ്പോള്‍ അവന്‍ കൂടെ വന്നു... കേബിള്‍ കടന്നു വരുന്ന വഴിയില്‍ ഒരു വലിയ ആഞ്ഞിലി മരം ഉണ്ട്.. അതിന്റെ മുകളില്‍ ഉള്ള കൊമ്പിലെ ഉറുമ്പിന്‍ കൂട് തകര്‍ന്നിരിക്കുന്നു.. ആ വലിയ ആഞ്ഞിലി വെട്ടിക്കളയാം എന്ന് ഞാന്‍..ഛെ അല്ല അവന്‍ പറഞ്ഞതാണ് .. ഞാന്‍ പറഞ്ഞു പോടാ മണ്ടാ പോസ്സിബില്‍ ആയുള്ള വഴി ആലോചിക്കാന്‍.. എന്തായാലും ആ കേബിള്‍ മാറ്റി കെട്ടാന്‍ ഞാനും അവനും കൂടെ തീരുമാനിച്ചു... ഐഡിയ അവന്റെ..ഛെ എന്റെ ആണ് കേട്ടോ...


അപ്പോള്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല.. എന്റെ അനിയനുണ്ടല്ലോ അവന്‍ , ഇടയ്ക്കിടെ എന്നെ കളിയാക്കി കൊണ്ടിരിക്കും.. ഞാന്‍ എഴുതുന്നതും ചെയ്യുന്നതും ഒന്നുമൊന്നും അവനൊരു മതിപ്പില്ല.. എന്നെ അവന്‍ വിളിക്കുന്നത് കോപ്പി പേസ്റ്റ് പ്രോഗ്രാമര്‍/എഞ്ചിനീയര്‍ എന്നാണു... ബ്ലോഗ്‌ ഒക്കെ കാണിച്ചു കൊടുത്താലോ ഹും പുല്ലു വില.... അപ്പോള്‍ ഞാന്‍ തീരുമാനിച്ചതാണ് അടുത്ത പോസ്റ്റില്‍ അവന്‍ വളരെ രഹസ്യം ആക്കി വെച്ചിരിക്കുന്ന ആ കാര്യം തന്നെ ലോകരെ അറിയിക്കാം എന്നത്... 





അപ്പൊ കൂട്ടരേ ഈ കഥയില്‍ നായകന്‍ എന്റെ അനിയന്‍ വിഷ്ണു ആണ്.. അവന്‍ സ്കൂളില്‍ പഠിക്കുന്ന കാലം( പ്ലസ്‌ ടു കാലഘട്ടം) ആണ്.. ക്ലാസ്സിലെ റെപ്പ്. ആണ് അവന്‍ ..വീട്ടില്‍ വന്നു അങ്ങനെ പറയുമ്പോള്‍ ഞാന്‍ പറയും നീ വെറും റെപ്പ് അല്ല എരപ്പാ ആണെന്ന്... അയാളെ ക്ലാസ്സില്‍ എല്ലാവര്ക്കും വലിയ കാര്യം ആണ്... ടീച്ചര്‍ മാര്‍ക്കൊക്കെ സ്വന്തം മകനെ പോലെ ആണ്.. ഒരിക്കല്‍ ഒരു ഉച്ച സമയം... "ഡാ ഹോം വര്‍ക്ക്‌ സബ്മിറ്റ് ചെയ്ത ബുക്ക്‌ തിരികെ എടുക്കണ്ടേ?" രാഹുല്‍ ന്റെ ചോദ്യം.." ഞാന്‍ പോയി എടുത്തു കോണ്ട് വരട്ടെ? " "നീയോ???!! നീ പോകണ്ട... ക്ലാസ്സിലെ റെപ്പ് ഞാന്‍ ആണ്.. നീയല്ല!!!.. ഞാന്‍ തന്നെ പോയി എടുത്തു കൊണ്ട് വരാം.." (പാവം രാഹുല്‍, അവന്‍ ഇവനെ ഒന്ന് സഹായിക്കാം എന്ന് കരുതി ചോദിച്ചതാണ്,സാധാരണ ഇങ്ങനെ ഒരു കാര്യം ചോദിക്കുമ്പോള്‍ വിഷ്ണു സമ്മതം മൂളുന്നതാണ് .. പക്ഷെ ഇന്ന്...) 


ഇനി ഒരു ഓഫ്‌ ടോപ്പിക്ക്.. എന്റെ അനിയന്‍ ആയതുകൊണ്ട് പറയുവല്ല , ഉപ്പേരി,പപ്പടം, ചക്കര വരട്ടി, അങ്ങനെ ഉള്ള സാധനങ്ങള്‍ കാണുമ്പോഴേ അവന്റെ വായില്‍ ടൈറ്റാനിക്ക്,പോസിഡോന്‍ തുടങ്ങിയ കപ്പലുകള്‍ ഓട്ടിക്കാന്‍ അത്ര വെള്ളം ഉണ്ടായി കഴിഞ്ഞിരിക്കും... ഓണം കഴിഞ്ഞുള്ള സമയം ആയിരുന്നു അക്കാലം.. അപ്പോള്‍ ബുക്സ്‌ എടുക്കാന്‍ വേണ്ടി വിഷ്ണു സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി... ഒരു അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞു തരിച്ചു ക്ലാസ്സില്‍ വന്ന അവന്റെ കയ്യില്‍ ബൂക്സ്നു പകരം അതാ നിറയെ ഉപ്പേരി ഇരിക്കുന്നു... (കൂട്ടുകാരെ ഒക്കെ ജീവനാണ് കേട്ടോ അവനു.. എന്ത് കിട്ടിയാലും,കട്ടെടുത്താലും (ശോ അതെന്തിനാ ഇവിടെ പറയുന്നേ..) എല്ലാര്‍ക്കും കൊണ്ട് കൊടുക്കും അവന്‍..) അവന്റെ കൂട്ടുകാരെല്ലാം മാനമായി ആ ഉപ്പേരിയുടെ ഒരു പങ്ക് എടുത്തു കഴിച്ചു... മുഴുവന്‍ തീര്‍ന്നതിനു ശേഷം ഓരോരുത്തരായി ചോദ്യങ്ങള്‍ എയ്യാന്‍ തുടങ്ങി.. ഡാ എവിടുന്നാ ഉപ്പേരി? "അത് രമണി ടീച്ചര്‍ സ്നേഹത്തോടെ തന്നതാ.." ആയിരിക്കും അല്ലെ... അപ്പോള്‍ അടുത്തവന്‍ "ഇത് കുറെ ഉണ്ടാരുന്നല്ലോ.. ഇത്രയും ഉപ്പേരി അവര്‍ നിനക്ക് തന്നോ????"... "പിന്നേ അറുത്ത കയ്ക്കു ഉപ്പ് തേക്കാത്ത രമണി ടീച്ചര്‍ നിനക്ക് ഇത്രയും ഉപ്പേരി തരുകയല്ലേ.. സത്യം പറയെടാ നീ ഈ ഉപ്പേരി കട്ടെടുത്ത് അല്ലേ .. ഡാ ഉപ്പേരി കള്ളാ... 

[NB:ഇനി വിഷ്ണുവിനോട് , ഇനിയും നീ എന്നെ കളിയാക്കുകയോ  പറയുന്ന കാര്യങ്ങള്‍ ചെയ്യാതെ ഇരിക്കുകയോ എന്നെ സഹായിക്കാതെ ഇരിക്കുകയോ ചെയ്‌താല്‍ ഇത് പോലുള്ള കാര്യങ്ങള്‍ എല്ലാവരോടുമായി വെട്ടി തുറന്നു പറയുന്നതായിരിക്കും.. ഇത് സത്യം സത്യം സത്യം... പിന്നെ ഒരു കാര്യം മര്യാദക്ക് നിന്റെ ഐടിയില്‍ കയറി എന്നെ ഫോളോ ചെയ്യാനും കമന്റ്‌ ഇടാനും നിന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു... അച്ഛനോടെങ്ങാനും ഈ കാര്യം പറയുകയോ ഇന്ന് രാവിലെ അമ്മയുണ്ടാക്കിയ ഉപ്പേരി ഒറ്റയ്ക്ക് തിന്നുകയോ ചെയ്‌താല്‍ എന്റെ സ്വഭാവം മാറുന്നതായിരിക്കും എന്നും കൂടി പറഞ്ഞു കൊള്ളുന്നു...]

Thursday, March 03, 2011

ഒരു സായാഹ്നത്തില്‍

തീരത്തെ ഇടയ്ക്കിടെ ആശ്ലേഷിച്ചു പിന്‍വാങ്ങുന്ന തിരകള്‍ നോക്കി നില്‍കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ആണ്...
കരയും കടലും എന്നും പ്രണയത്തില്‍ ആയിരിക്കാം,ആയിരിക്കാം എന്നല്ല ആണ്,ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടാവാറുണ്ടെങ്കിലും..

കര പെണ്ണും കടല്‍ ആണും ആയിരിക്കാം അല്ലെ,അതോ തിരിച്ചാണോ? കടലിന്റെ കയ്യുകള്‍ ആയിരിക്കാം തിരകള്‍ ല്ലേ? അപ്പൊ കരയുടെ കയ്യുകള്‍ എന്തായിരിക്കാം?... മറ്റൊരാളുടെ പ്രണയ സല്ലാപങ്ങള്‍ നോക്കി നില്‍ക്കുന്നത് തെറ്റാണോ?.. എങ്കില്‍ ആ തെറ്റ് ഈ രീതിയില്‍ ഇടയ്ക്കിടെ ചെയ്യാറുണ്ട് ഞാന്‍...


പതിവ് പോലെ അന്നും ആ നിഷ്കളങ്കമായ പ്രണയ സല്ലാപം കാണാന്‍ ഞാന്‍ പോയിരുന്നു..തിരകള്‍ നോക്കി,അസ്തമയ സൂര്യനെ നോക്കി,അങ്ങനെ നില്‍ക്കേ പെട്ടെന്നാണ് പൊങ്ങി ഉയര്‍ന്ന തിരയില്‍ ഒരു തിളക്കം ശ്രദ്ധയില്‍ പെട്ടത്..വ്യക്തമായില്ല ആദ്യം..ഒന്ന് കൂടി സൂക്ഷിച്ചങ്ങനെ നോക്കിയപ്പോള്‍ മനസ്സിലായി ഒരു മുത്താണ്..അത് ആ തിരകളുടെ മുകളില്‍ തത്തിക്കളിക്കുന്നു.. ഉള്ളു ശുദ്ധമായ ഭാരമില്ലാത്ത ഒരു മുത്താവണം..കണ്ടപ്പോള്‍ വല്ലാണ്ട് കൊതിച്ചു പോയി,അത്രക്കുണ്ടായിരുന്നു അതിന്റെ മഹിമ..കിട്ടിയിരുന്നു എങ്കില്‍ എന്ന് ആശിച്ചു.. ഒരു തിരയില്‍ പെട്ട് അത് തീരം വരെ എത്തിയതാണ്.. ഓടി ചെന്നപ്പോഴേക്കും കടലിന്റെ വികൃതി പൂണ്ട കയ്യ്‌ എന്നെ പറ്റിച്ചു കളഞ്ഞു..ആ തിരയുടെ തിരിച്ചു പോകലില്‍ ആ മുത്തു കടലിലേക്ക്‌ തന്നെ പോയി... അടുത്ത തിരയില്‍ കടലിന്റെ കളിയാക്കിയുള്ള ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു..

പിന്നെയും കുറെ കാത്തു... കടലിന്റെയും കരയുടെയും പ്രണയ സല്ലാപങ്ങള്‍ പിന്നീട് എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല... അവയെ ശ്രദ്ധിക്കാഞ്ഞിട്ടുള്ള പരിഭവം ആവണം തിരയുടെ ശക്തി കൂടി കൂടി വന്നു കൊണ്ടിരുന്നു... പാദം മാത്രം നനയിച്ചു പിന്‍വാങ്ങിയിരുന്ന കടല്‍ ഇപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോകും എന്ന അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങി... ഒന്ന് മൈന്‍ഡ് ചെയ്യാതിരുന്നതിനു ഇത്രക്കും ദേഷ്യമോ? എന്തായാലും എന്റെ പ്രീയ സുഹൃത്തേ കടലേ നിന്റെയും നിന്റെ പ്രിയയുടെയും പ്രണയ ലീലകള്‍ ഇന്നെനിക്കു പൂര്‍ണ തോതില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല... ഒക്കുമെങ്കില്‍ എന്റെ മുന്നില്‍ ആ മുത്തിനെ നീ എത്തിച്ചു താ....


കുറച്ചു കഴിഞ്ഞ് പോകാനായി തിരിഞ്ഞപ്പോള്‍ ആ തിളക്കം,ആ മുത്തുച്ചിപ്പി അതാ മുന്നില്‍,തീരത്ത് ആ പഞ്ചാര മണലില്‍. ഇരു കയ്യുകളാലും കോരി എടുത്ത് നെഞ്ചോടു ചേര്‍ത്തു അതിനെ,ഒരിക്കലും കടലിനു തിരികെ കൊടുക്കില്ല എന്നുറപ്പിച്ചു!.. കടലേ കാര്യം ശരിയാ നീ തന്ന സമ്മാനം ആണ്!!!.


[NB:വെറുതെ ഒരു വട്ട്....ശരിക്കും തിരിയുമ്പോള്‍ മുത്ത് ആ മണലില്‍ ഉണ്ടായാല്‍ മതിയായിരുന്നു...]
Related Posts Plugin for WordPress, Blogger...